സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും: ക്രൂ 10 ദൗത്യം ഇന്ന്
വാഷിങ്ടൺ: ഒൻപത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങുന്നു. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് (വെള്ളിയാഴ്ച) വിക്ഷേപിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
മാർച്ച് 20ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മടങ്ങിവരവ് നേരത്തെ തന്നെ ഉദ്ദേശിച്ചിരുന്നെങ്കിലും സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവെച്ചതിനാൽ കാലതാമസം സംഭവിച്ചു.
ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ക്രൂ 10 പുറപ്പെടേണ്ടിയിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് ദൗത്യം മാറ്റിവെക്കുകയായിരുന്നു. യാത്രികരുടെ സുരക്ഷയ്ക്കാണ് നാസ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂൺ 5ന് ബഹിരാകാശത്തിലേക്ക് പോയിരുന്നു. ജൂൺ 13ന് മടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് ഇവർ പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസങ്ങൾ ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നത്.